
ചാവറ കൾച്ചറൽ സെന്ററും എംകെ സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സാനു ജയന്തിയിൽ മലയാളത്തിന് തനത് വിമർശന പദ്ധതികൾ സത്യമാണോ ? എന്നവിഷയത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻവൈസ് ചാൻസലർ ഡോ. എം വി നാരായണൻ സ്മാരക പ്രഭാഷണം നടത്തുന്നു. പി.ജെ ചെറിയാൻ , ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., പ്രൊഫ.എം.തോമസ് മാത്യു എന്നിവർ സമീപം.
കൊച്ചി : ആശയലോകത്തിന്റെയും രൂപപരമായ ലോകത്തിന്റെയും സവിശേഷതകളെക്കുറിച്ചുള്ള അന്വഷണം എന്ന നിലക്ക് സാഹിത്യ വിമർശനം അടിസ്ഥാനപരമായി ഒരു ആധുനിക വ്യവഹാരമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻവൈസ് ചാൻസലർ ഡോ. എം വി നാരായണൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററും എംകെ സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സാനു ജയന്തിയിൽ മലയാളത്തിന് തനത് വിമർശന പദ്ധതികൾ സത്യമാണോ ? എന്നവിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക വിമർശന സാഹിത്യത്തിൽ പാശ്ചാത്യ സങ്കേതം ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ തങ്ങളുടേതായ ഒരംശം കലരുന്നില്ല.തികച്ചും ഇറക്കുമതി ചെയ്ത ഒന്നായി നിൽക്കുന്നു, നമ്മുടെ സംസ്കാരത്തോടെ അത് സംവദിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു . 17, 18 നൂറ്റാണ്ടുകൾക്ക് ശേഷം പാശ്ചാത്യ രാജ്യങ്ങളിലും പത്തൊൻപതാം നൂറ്റാണ്ടോടുകൂടി കേരളത്തിലും ഇന്ത്യയിലും സാഹിത്യം മണ്ഡലം ഉരുത്തിരിഞ്ഞു.അതിന്റെ ഭാഗമായി കവിതയും ആഖ്യാനങ്ങളും പിന്നീട് നാടകങ്ങളും നോവലുകളും വികസിച്ച സാഹചര്യത്തിലാണ് സാഹിത്യവിമര്ശനം എന്ന പന്ഥാവ് ഉണ്ടായതു. മലയാള സാഹിത്യത്തിന് സ്വാധീന സൃഷ്ടിക്കാൻ സാധിച്ചത് സംസ്കൃതത്തിനാണ് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. എം കെ സാനു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷത വഹിച്ചു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ , ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.ജെ.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








